ടെൽ അവീവ്: താൻ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന ഇറാന്റെയും ഇറാൻ അനുകൂല സമൂഹമാധ്യമങ്ങളുടെയും പ്രചാരണങ്ങൾക്കിടെ വീഡിയോസന്ദേശവുമായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. എക്സിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഒരു കഫേയിൽ നെതന്യാഹു കാപ്പിക്ക് ഓർഡർ നൽകുന്നതും കാപ്പി കുടിക്കുന്നതിനിടെ തനിക്കെതിരായ കിംവദന്തികളെക്കുറിച്ച് തമാശ പറയുന്നതും കാണാം. നെതന്യാഹു തന്റെ രണ്ടു കൈകളും ഉയർത്തി കാമറയിലേക്ക് വിരലുകൾ കാണിക്കുകയും ചെയ്യുന്നുണ്ട്.
നെതന്യാഹുവിന്റെ കഴിഞ്ഞ വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിലെ ദൃശ്യങ്ങളിൽ ഒരു കൈയിൽ ആറു വിരലുകൾ വീതമുള്ളതായി കാണിച്ചിട്ടുണ്ടെന്നും ഇത് എഐ ഉപയോഗിച്ചു സൃഷ്ടിച്ചതാണെന്നും ഇറാൻ അനുകൂല സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഇതേക്കുറിച്ചു സൂചിപ്പിക്കവേ, “എന്റെ വിരലുകൾ എണ്ണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? കണ്ടോ? വളരെ നന്നായി” എന്നും നെതന്യാഹു പറയുന്നത് വീഡിയോയിലുണ്ട്.
ഇസ്രയേൽ പൗരന്മാർക്കുള്ള തന്റെ സന്ദേശത്തിൽ പുറത്തുപോയി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നും പക്ഷേ ഒരു സുരക്ഷിതസ്ഥലത്തിനടുത്തുതന്നെ വേണമെന്നും നെതന്യാഹു നിർദേശിക്കുന്നുണ്ട്. “നിങ്ങളുടെ പ്രതിരോധശേഷി അദ്ഭുതകരമാണ്. അത് എനിക്കും സർക്കാരിനും ഐഡിഎഫിനും മൊസാദിനും ശക്തി നൽകുന്നു. എനിക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു. ഈ നിമിഷം, പക്ഷേ ഇന്നും ഞങ്ങൾ ഇറാനെ വളരെ ശക്തമായി ആക്രമിക്കുന്നു. നിങ്ങൾ എന്നോട് മുന്നോട്ടുപോകാനാണോ പറയുന്നത്? ഞാൻ എല്ലാവരോടും പറയുന്നു: നിങ്ങളും മുന്നോട്ടുപോകൂ.”-നെതന്യാഹു പറഞ്ഞു.